ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോരാളികള്‍ ഭക്ഷണപ്പൊതിക്ക് വേണ്ടി പരസ്യമായി തമ്മിലടി ; വീഡിയോ വൈറല്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തങ്ങളുടെ സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സിനോട് സംസാരിച്ച് നിമിഷങ്ങള്‍ക്കം ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണപൊതിക്കായി അടിപിടി കൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് ക്ലാസ്സെടുത്തത്. 2019-ല്‍ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു തീയായി പടരണമെന്ന് അമിത് ഷാ പ്രസംഗിച്ച് പോയതിന് ശേഷമാണ് ആഹാരത്തിനു വേണ്ടി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അടിപിടി ഉണ്ടാക്കിയത്.

അമിത് ഷാ സംസാരിച്ച വേദിയ്ക്ക് സമീപത്തായി ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓടിയെത്തുകയായിരുന്നു. പിന്നീട് ഭക്ഷണപ്പൊതി പിടിച്ചുവാങ്ങാന്‍ പരസ്പരം അടിപിടി കൂടുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സംഗതി വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി സംഘാടകര്‍ രംഗത്തെത്തി. എല്ലാവര്‍ക്കുമുള്ള ഭക്ഷണപ്പൊതികള്‍ തങ്ങള്‍ കരുതിയിരുന്നെന്നും എന്നാല്‍ 4000 പേര്‍ ഒരേസമയം ഹാളിനകത്തേക്ക് ഒന്നിച്ചെത്തിയതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നുമായിരുന്നു ഒരു ബിജെപി നേതാവിന്റെ വിശദീകരണം. ബി.ജെ.പിയുടെ സാമൂഹ മാധ്യമങ്ങളിലെ ‘മുന്നണി പോരാളികള്‍’ ഭക്ഷണപ്പൊതികള്‍ക്കായി പരസ്പരം ഏറ്റുമുട്ടുന്ന ഈ വീഡിയോ ന്യൂസ്24 ആണ് പുറത്തുവിട്ടത്.