സക്കീര്‍ നായക്കിനെ നാടുകടത്തില്ല എന്ന് മലേഷ്യ ; ഇന്ത്യയുടെ ആവശ്യം നടപ്പാക്കാന്‍ സാധിക്കില്ല
വിവാദ മതപ്രഭാഷകന്‍ സക്കീര്‍നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ. സക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ഔദ്യോഗികമായി മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും മലേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാര്‍ നിലവിലുണ്ട്. ഇതുപ്രകാരമാണ് സക്കീര്‍ നായിക്കിനെ വിട്ടിതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. അപേക്ഷ മലേഷ്യന്‍ അധികൃതരുടെ സജീവ പരിഗണനയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയത്.
നേരത്തെ സക്കീര്‍ ഇന്ത്യയിലേക്ക് വരുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് സക്കീര്‍ നായിക്ക് തന്നെ രംഗത്ത് വന്നിരുന്നു. 2016 ലാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ഇന്ത്യയില്‍ സക്കീര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇയാള്‍ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതുവരെ സക്കീര്‍ നായിക്ക് മലേഷ്യയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും മലേഷ്യയില്‍ സ്ഥിരതാമസക്കാരനായി അംഗീകരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കില്ലെന്നുമാണ് മലേഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.