തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അമിത് ഷായും സംഘവും തുടങ്ങിയത് 1,800 വാട്സ് ആപ്പ് ഗ്രൂപ്പ്

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അമിത് ഷായും സംഘവും തുടങ്ങിയത് 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. പാര്‍ട്ടി പ്രവര്‍ത്തകരോട് നേരിട്ട് സംവദിക്കാനും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും അംഗമാക്കിയാണ് 1800 ഗ്രൂപ്പുകള്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സഹായിക്കുമെന്ന്‌ ബിജെപി മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷി അറിയിച്ചു. എല്ലാ ഗ്രൂപ്പുകളിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മേധാവി മനോജ് തിവാരിയെയും അംഗമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത് പാര്‍ട്ടിയുടെ അന്തസിന് കോട്ടം വരുത്തുന്നുണ്ട്. ഇത്തരം പ്രവണതകള്‍ തടയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും പാര്‍ട്ടി നേതൃയോഗത്തില്‍ അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.