സോഷ്യല്‍ മീഡിയയില്‍ താരമായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി ; സിനിമയിലും അവസരം
ഒരു ദിവസംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് പാലാരിവട്ടം തമ്മനം ജങ്ഷനില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി. ലോകം അവളുടെ മിടുക്കിനു കയ്യടിച്ച സമയം തന്നെ ഇപ്പോള്‍ ഇതാ പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. വിദ്യാര്‍ത്ഥിനിയായ ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. പെണ്‍കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു.
അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് തന്നാല്‍ കഴിയുന്ന സഹായം നല്‍കണം എന്നുള്ളത് കൊണ്ടാണ് സിനിമയില്‍ അവസരം നല്‍കാം എന്ന് തീരുമാനിച്ചത് എന്ന് അരുണ്‍ ഗോപി പറയുന്നു. മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീന്‍ വാങ്ങിവെച്ച് മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം.
മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാന്‍ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും. സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ പിന്നിടുള്ള കച്ചവടം ഒറ്റയ്ക്കാക്കുകയായിരുന്നു.









