ഫുട്ബോളില്‍ മാത്രമല്ല ടെന്നീസിലും വര്‍ണ്ണ വിവേചനം എന്ന് സെറീന വില്യംസ്

കായികമേഖലയില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നതിനു വീണ്ടും തെളിവ്. ജര്‍മന്‍ ടീമിലെ വിവേചനത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍ ഈ അടുത്താണ് വിരമിച്ചത്. ഇതിന് പിന്നാലെ ടെന്നീസിലെ വിവേചനത്തിനെതിരെ രംഗത്തെത്തിരിക്കുകയാണ് സെറീന വില്ല്യംസ്. യു.എസ് ആന്റി ഡോപിങ് ഏജന്‍സി തന്നെ മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നു എന്നാണ് സെറീന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

‘എന്നെ കൂടുതല്‍ തവണ പരിശോധനക്ക് വിധേയമാക്കുന്നു. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാനാണ് പരിശോധനയ്ക്ക് വിധേയമായത്. വിവേചനമല്ലാതെ ഇതെന്താണ്? ഇത് വിവേചനമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സ്‌പോര്‍ട്‌സിനെ ‘ശുദ്ധീകരിക്കാനുള്ള’ എന്തു മാര്‍ഗമാണെങ്കിലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.’ സെറീന വ്യക്തമാക്കുന്നു.

വിംബിള്‍ഡണിന് മുമ്പായി നടന്ന ടെസ്റ്റിനെ തുടര്‍ന്നും താരം പ്രതിഷേധിച്ചിരുന്നു. എല്ലാവരേയും ഒരുപോലെ ടെസ്റ്റിന് വിധേയമാക്കണമെന്നായിരുന്നു ഫൈനലിന് ശേഷം സെറീനയുടെ പ്രതികരണം. ഫ്ലോറിഡയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് ടെസ്റ്റ് നടന്നത്. ജൂണില്‍ മാത്രം അഞ്ചു തവണ അമേരിക്കന്‍ താരം ടെസ്റ്റിന് വിധേയമായി.

ജീവന് വരെ ഭീഷണിയായ അസുഖം അതിജീവിച്ചാണ് മുപ്പത്തിയാറുകാരി കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വിവാഹിതയാകുകയും പെണ്‍കുഞ്ഞിന്റെ അമ്മയാകുകയും ചെയ്തു. അമ്മയായ ശേഷമുള്ള ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായിരുന്നു വിംബിള്‍ഡണ്‍. വിംബിള്‍ഡണ്‍ ഫൈനല്‍ വരെയെത്തിയ സെറീന ആഞ്ജലിക് കെര്‍ബറിന് മുന്നില്‍ തോല്‍ക്കുകയായിരുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അമേരിക്കന്‍ ടെന്നീസ് താരം പ്രതികരിച്ചത്.