ഇടുക്കി നിറഞ്ഞു ; ചെറുതോണി തുറക്കാന്‍ തീരുമാനം ; തുറക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം
കനത്ത മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ ജലസേചന വകുപ്പിന്റെ തീരുമാനം. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2400 അടിയിലെത്തിയാല്‍ ഡാം തുറക്കും. നീരൊഴുക്ക് കൂടിയതിനാല്‍ ഡാം തുറക്കാതെ വേറെ വഴിയില്ലാത്തിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ തുറന്നിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്.
ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. രാവിലെ ഒന്‍പതോടെ അണക്കെട്ടു തുറന്നു രണ്ടു മണിക്കൂറിനു ശേഷം ഷട്ടര്‍ താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു. 1981 ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്.
ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് നല്‍കും. ആദ്യ ജാഗ്രതാ നിര്‍േദശം വ്യാഴാഴ്ച നല്‍കിയിരുന്നു. സംഭരണശേഷിയുടെ 87.34 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കി ഡാമില്‍ 2319.08 അടിവെള്ളം ഉണ്ടായിരുന്നു. മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന.