അസം ; പൗരത്വരേഖയില്‍ നിന്ന് പുറത്തായവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ രേഖയില്‍ നിന്നും പുറത്തായ അസമിലെ 40 ലക്ഷം പേര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര്‍ സി )40 ലക്ഷം പേര്‍ സാങ്കേതീകമായി ഇന്ത്യക്കാരല്ലാതായത്. രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് പട്ടിക മാത്രമാണ്.
പട്ടികയില്‍ പേരില്ലാത്തവരുടെ മേല്‍ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പാടില്ല. പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിന് അടിസ്ഥാന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ഓഗസ്റ്റ് 16ന് മുന്‍പായി കോടതിയെ അറിയിക്കണം. ഇത് പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ അതു ചെയ്യുമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
രജിസ്‌ട്രേഷന്റെ അന്തിമ കരടു പട്ടികയെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നലെ സ്തംഭിച്ചു. ലോക്‌സഭയിലും തൃണമൂല്‍ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. അതിര്‍ത്തി സംസ്ഥാനമായ അസമില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്നും വ്യാപകമായ അനധികൃത കുടിയേറ്റങ്ങളുണ്ടെന്നും ഇത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത്തരം അനധികൃത കുടിയേറ്റം തടയുന്നതിന് നിലവിലെ പൗരന്മാരുടെ കൃത്യമായ കണക്കുകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. 3.2 കോടിയാണ് അസമിലെ ജനസംഖ്യ എന്നു പറയുന്ന പട്ടിക 2.89 കോടി പേര്‍ മാത്രമാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുള്ളവര്‍ എന്ന് വ്യക്തമാക്കുന്നു. പൗരന്മാരുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് അസം.
തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശില്‍ നിന്നും മുസ്ലീങ്ങള്‍ അനധികൃതമായി കുടിയേറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നുവെന്നും ഇത് ജനസംഖ്യാ സംതുലിതാവസ്ഥയെ തന്നെ അട്ടിമറിക്കുന്നുവെന്നുമാണ് ആരോപണം. നിലവില്‍ 40.07 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. ഇത് സംസ്ഥാനത്ത് സ്‌ഫോടനാത്മകമായ സാഹചര്യമാണുണ്ടാക്കിയിരുന്നത്.