കരുണാനിധി വിടവാങ്ങി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം. കരുണാനിധി വിടവാങ്ങി. പനിയും അണുബാധയുമാണ് മരണകാരണം. 94 വയസായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു കരുണാനിധി. മഞ്ഞപ്പിത്തം ബാധിച്ച കരളിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു.
അതു വീണ്ടെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമായിരുന്നില്ല. പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിശ്ചലമായ സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കരുണാനിധിയുടെ ആരോഗ്യനില വഷളയാതോടെ ഡി.എം.കെ പ്രവര്‍ത്തകരും ആരാധകരും ആശുപത്രിയിലേക്ക് വീണ്ടും എത്തിത്തുടങ്ങിയിരുന്നു. സുരക്ഷയ്ക്കായി 2500 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ട്രക്കിയോസ്റ്റോമി ട്യൂബ് മാറ്റുന്നതിനായിട്ടാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷമായിരുന്നു ഗോപാലപുരത്തെ വീട്ടിലേക്ക് മാറ്റിയത്.
ഡിഎംകെയുടെ തലപ്പത്ത് അരനൂറ്റാണ്ട് കാലവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്ഠിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈയുടെ വിയോഗത്തെ തുടര്‍ന്നാണ് 1969 ല്‍ കരുണാനിധി ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. കരുണാനിധിയെന്ന കലൈഞ്ജര്‍ ഡിഎംകെയെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ത്തുന്നതിന് പിന്നില്‍ സുപ്രധാന പങ്കാണ് വഹിച്ചത്.
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണം വിവരം അറിഞ്ഞതോടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആശുപത്രിയിലേക്ക് അണികളുടെ പ്രവാഹമാണ്.
തമിഴ്‌നാട്ടിലെ നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായ ജനിച്ച കലൈഞ്ജര്‍ക്ക് മാതാപിതാക്കള്‍ ദക്ഷിണാമൂര്‍ത്തിയെന്നാണ് പേര് നല്‍കിയത്.
വിദ്യാഭ്യാസ കാലത്ത് നാടകം,കവിത,സാഹിത്യം തുടങ്ങിയവില്‍ മികവ് പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിലൂടെയാണ് തമിഴക രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്തവായി പിന്നീട് കരുണാനിധി മാറുന്നതാണ് കാലം സാക്ഷ്യം വഹിച്ചത്.







