” വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം” ; അപ്പാനി ശരത്തിന് എതിരെ വിമര്‍ശനവുമായി ടിറ്റോ വില്‍സണ്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയവരാണ് അപ്പാനി ശരത്തും , ടിറ്റോ വില്‍സനും. ആദ്യ ചിത്രത്തിന്റെ വിജയത്തിനുശേഷം ഇരുവര്‍ക്കും ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഏറെക്കാലമായി സിനിമ എന്ന സ്വപ്നവുമായി നടന്നിരുന്ന ആത്മ സുഹൃത്തുകള്‍ ആയിരുന്നു ഇരുവരും.

എന്നാല്‍ സുഹൃത്ത് ബന്ധങ്ങള്‍ക്ക് മുകളിലും ചിലത് ഉണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഉണ്ടായ സംഭവം. തന്റെ പുതിയ ചിത്രത്തിനെ പറ്റി ശരത്ത് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ടിറ്റോയ്ക്ക് ഒട്ടും രസിച്ചില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ടുതന്നെ തന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിക്കാന്‍ ടിറ്റോ മടി കാട്ടിയതുമില്ല.

ടോവിനോയ്ക്കൊപ്പം ടിറ്റോ വില്‍സണ്‍ പ്രധാനവേഷത്തിലെത്തിയ മറഡോണ തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ഇതിനാണ് അപ്പാനി ശരത് കുമാര്‍ മറഡോണക്കും ടിറ്റോയ്ക്കും വിജയാശംസകള്‍ നേര്‍ന്നത്.’ടിറ്റോയും താനും ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ ശരത് കുമാര്‍ ടിറ്റോ മലയാള സിനിമയുടെ പ്രതീക്ഷയും ഒപ്പം തന്റെ സ്വകാര്യ അഹങ്കാരവും ആണെന്നും പറഞ്ഞാണ് തന്റെ ഫെയ്സ്ബുക് പോസ്റ്റ് അവസാനിപ്പിചത്.’

എന്നാല്‍ ‘അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത് എന്നാണു ടിറ്റോ പറയുന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല. പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ.

കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും. കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്. അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ‘ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടിറ്റോ പറയുന്നു.