പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ‘വീണ്ടും ഭഗവാന്റെ മരണം’


കേരളത്തിലാകെ സര്‍വ്വനാശം വിതച്ച പ്രളയക്കെടുതി. ദുരിത ബാധിതര്‍ക്കുള്ള ധനശേഖരണാര്‍ത്ഥം കലാസാംസ്‌കാരിക രംഗത്തുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണം കനല്‍ സാംസ്‌കാരികവേദിയുടെ ‘വീണ്ടും ഭഗവാന്റെ മരണം’ ഒരിക്കല്‍ കൂടി അനന്തപുരിയില്‍ അരങ്ങേറുന്നു. ഈ മാസം 31ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള സൂര്യ ഗണേശം ഹാളില്‍ സൂര്യയുടെ സഹകരണത്തോടെയാണ് നാടകം അരങ്ങേറുന്നത്. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ദുരിതബാധിതര്‍ക്കായി ചിലവഴിക്കും എന്ന് കനല്‍ സാംസ്‌കാരികവേദി അംഗമായ കണ്ണന്‍ നായര്‍ മലയാളീ വിഷനെ അറിയിച്ചു.


കെ.ആര്‍ മീരയുടെ പ്രശസ്തമായ ചെറുകഥയുടെ നാടകാവിഷ്‌കാരണമാണ് ‘വീണ്ടും ഭഗവാന്റെ മരണം’. ഹസീം അമരവിളയാണ് സംവിധായകന്‍. അരുണ്‍ നായര്‍, കണ്ണന്‍ നായര്‍, ചിഞ്ചു കെ ഭവാനി, സന്തോഷ് വെഞ്ഞാറമൂട്, അമല്‍ കൃഷ്ണ, രെജു, പ്രേംജിത്, ഇഷ എന്നിവര്‍ ഉള്‍പ്പടെ ഓരോ അഭിനേതാവും മികച്ച പ്രകടനം കൊണ്ട് അരങ്ങില്‍ നിന്ന് കഥാപാത്രങ്ങളെ കാണികളുടെ സിരകളിലേക്ക് എത്തിക്കുന്നു. കഴിഞ്ഞ മാസം രണ്ടു ദിവസങ്ങളിലായി അരങ്ങേറിയ ഈ നാടകം പ്രേക്ഷക ബാഹുല്യംകൊണ്ട് തുടര്‍ന്നും രണ്ടു ദിവസം കൂടി അരങ്ങേറി. കാണികളെ അരങ്ങില്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ ഇഴുകിച്ചേര്‍ക്കുന്ന പ്രതീതി, ഈ ആവിഷ്‌കാരത്തിന്റെ പുതുമ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു ‘വീണ്ടും ഭഗവാന്റെ മരണം’. തിരക്കഥാകൃത്ത് ആയ രാജേഷ് ആര്‍ നായര്‍ തന്റെ എഫ്ബി പേജില്‍ കുറിച്ചത് ഇങ്ങനെ ‘ആ നാടകം എനിക്ക് ചുറ്റും ആയിരുന്നു. പലപ്പോഴും എന്റെ അഭിപ്രായങ്ങള്‍ വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന കഥാമുഹൂര്‍ത്തങ്ങള്‍, അവതരണശൈലി. മല്ലപ്പമാരും അമരമാരുമായി നാടകം കണ്ടു തുടങ്ങിയവര്‍ ഒരുപക്ഷേ, ഭഗവാന്‍മാരായിട്ടാകും പുറത്തേക്കു വന്നത്.’


കേരളത്തില്‍ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയം നാനൂറില്‍ അധികം ജീവനുകള്‍ കവര്‍ന്നു, ജീവന്‍ തിരിച്ചുകിട്ടിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വീടും, കൃഷിയും ഉള്‍പ്പടെ സര്‍വ്വതും നശിച്ചു, സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഉള്ള ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും സുരക്ഷിത സ്ഥാനങ്ങളിലുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പ്രളയക്കെടുതി കാര്യമായി ബാധിക്കാതിരുന്ന തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടക്കുന്നുണ്ട്.

മുപ്പത്തിയഞ്ചില്‍ ലധികം സമാഹരണ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ തന്നെ പത്തോളം കേന്ദ്രങ്ങളുണ്ട് കനല്‍ സാംസ്‌കാരികവേദിയുള്‍പ്പടെ ഒട്ടനവധി സാംസ്‌കാരിക-സന്നദ്ധ സംഘടനകളും ടെക്‌നോപാര്‍ക്കിലുള്‍പ്പടെ ജോലി ചെയ്യുന്ന ടെക്കികള്‍ അങ്ങിനെ നാനാതുറയിലുള്ള യുവജങ്ങളുടെ വലിയ സംഘം സജീവമായി രാപകലില്ലാതെ കഴിഞ്ഞ അഞ്ചു ദിവസമായി തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.


ദുരിത ബാധിതര്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നടക്കുന്ന ഈ പരിപാടിയെ മനുഷ്യ സ്‌നേഹികളും കലാസ്‌നേഹികളുമായ അനന്തപുരി നിവാസികള്‍ ഇരുകൈകളും നീട്ടി വീണ്ടും സ്വീകരിക്കും എന്നു തീര്‍ച്ചയാണ്. പാസ്സുകള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 9895577389, 9747782482, 9961324440.