പ്രളയ ദുരിതാശ്വാസനിധി ; വാഗ്ദാനം 450 കോടി ; ലഭിച്ചത് 164 കോടി

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപ. ഇതിൽ ശനിയാഴ്ചവരെ 164 കോടി രൂപ അക്കൗണ്ടിലെത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്.

വിവിധ സംസ്ഥാനസർക്കാരുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക. അതുപോലെ സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 120 കോടിയോളമാണ് അത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടിയിൽ ഇതും ഉൾപ്പെടും. അതുപോലെ സർക്കാർ ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മുഴുവൻ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നൽകിയാൽ അതുമാത്രം 175 കോടിരൂപ വരും.