കല്യാണത്തിന് ഇട്ട പന്തലില്‍ തന്നെ അവന്‍റെ മയ്യത്തും വെച്ചു ; പ്രളയം തകര്‍ത്ത് എറിഞ്ഞത് അവളുടെ വിവാഹസ്വപ്‌നങ്ങള്‍

രണ്ടുദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിച്ച ജംഷീനയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന വിഷമിത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഞായറാഴ്ച വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു പിരിഞ്ഞ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ബുധനാഴ്ച രാത്രിയോടെ മരണവാര്‍ത്തയറിഞ്ഞ് അതേ പന്തലിലേക്ക് കാലെടുത്തുവച്ചപ്പോള്‍ ഏവരും ഒരു നിമിഷത്തെയ്ക് വിങ്ങിപ്പൊട്ടി.കൈയിലെ മൈലാഞ്ചിച്ചോപ്പ് മായുംമുന്‍പേയുള്ള പ്രിയതമന്റെ വേര്‍പാടില്‍ തളര്‍ന്ന ഭാര്യ ജംശീനയെയും കുടുംബത്തെയും സാന്ത്വനിപ്പിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അവര്‍.

ഉരുള്‍പൊട്ടലില്‍ ജീവന്‍ പോയ കൊണ്ടോട്ടി പെരിങ്ങാവില്‍ സഫ്വാന്റെ മയ്യത്താണ് അവന്റെ കല്യാണപന്തലില്‍ തന്നെ വെക്കുന്ന കാഴ്ച്ച നാട്ടുകാര്‍ക്ക് കാണേണ്ടി വന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മലപ്പുറത്തെ പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്വാന്റെ വിവാഹം. ബുധനാഴ്ചയാണ് തകര്‍ത്തു പെയ്ത മഴയില്‍ ഉണ്ടായ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടല്‍ സഫ് വാന്റെ ജീവനും കൊണ്ട് പോയത്.

തുടര്‍ന്ന് കല്യാണത്തിനു ഒരുക്കിയ പന്തലില്‍ തന്നെ സഫ്വാന്റെ മൃതദേഹവും അന്ത്യകര്‍മ്മങ്ങള്‍ക്കായി വെയ്ക്കുകയായരുന്നു. മരണത്തിനും ദാമ്പത്യ ജീവിതത്തിനുമിടയിലെ രണ്ടു ദിവസം മാത്രം അവന്‍ തന്റെ സ്വപ്നങ്ങളെ താലോലിച്ചു. കല്യാണം കഴിഞ്ഞുള്ള ആദ്യ പെരുന്നാള്‍ പ്രിയതമന്റെ വേര്‍പാടില്‍ വെന്ത് ഉരുകുവാനായിരുന്നു അവളുടെയും വിധി.

പിതാവ് മുഹമ്മദലിക്കൊപ്പമാണ് മണ്ണിടിച്ചിലില്‍ പെട്ട് നിനച്ചിരിക്കാതെ സഫ് വാന്‍ മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് പെട്ടു പോയത്. അയല്‍വാസിയും സുഹൃത്തുമായ പാണ്ടികശാല അസ്‌കറിന്റെ വീട്ടിലെ മണ്ണിടിച്ചില്‍ കണ്ടാണ് സഫ്വാനും പിതാവ് മുഹമ്മദലിയും വീടിനു പിറകിലെ കോഴിക്കൂട് മാറ്റാനായി പോയത്.

എന്നാല്‍ ദുരന്തം ഇവരെയും കൊണ്ടുപോവുകയായിരുന്നു.ഓടി മാറാന്‍ ശ്രമിച്ചപ്പോഴേക്കും ഇരുവരും മണ്ണിനടിയില്‍ കുടുങ്ങി. ദുരന്ത നിവാരണത്തിനുള്ള സന്നദ്ധ സംഘടനയായ വിഖായയുടെ വളണ്ടിയര്‍ കൂടിയാണ് സഫ്വാന്‍. അപകടത്തില്‍ പെട്ട പിതാവിന്റെയും മകന്റെയും മയ്യത്ത് മൂന്നുനാള്‍ മുന്‍പ് വീട്ടുമുറ്റത്ത് കെട്ടിയ വിവാഹ പന്തലിലേക്ക് കയറ്റിയപ്പോള്‍ ഉറ്റവര്‍ക്ക് കണ്ഠമിടറി.