അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ; ഉടമസ്ഥാവകാശം ബന്ധുക്കളുടെ പേരിലേക്ക് മാറ്റി
കോഴിക്കോട് : പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപത്തെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍. പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കുമായി ബന്ധപ്പെട്ട നിര്‍മ്മാണ ജോലികള്‍ ജില്ലാ കളക്ടര്‍ തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്ന് പാര്‍ക്കിലെ സംഭരണികളില്‍ ശേഖരിച്ചിരുന്ന വെള്ളം ഒഴുക്കികളയാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം നൂലാമാലകളില്‍ നിന്നും രക്ഷ നേടാന്‍ പാര്‍ക്കിന്റെ ഉടമസ്ഥാവകാശം അടുത്തിടെ അന്‍വര്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റി. നേത്രുത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി എടുത്തത് എന്നും ആരോപണം ഉണ്ട്.
ഇക്കഴിഞ്ഞ പ്രളയത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. പരിസ്ഥിതി ദുര്‍ബല മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഉരകുള്‍പൊട്ടിയ ഇടങ്ങളില്‍ എംഎല്‍എ അറ്റകുറ്റപണികള്‍ നടത്തി. വിദഗ്ധ സംഘം പാര്‍ക്കില്‍ പരിശോധിക്കാനിരിക്കേയായിരുന്നു അവരുടെ കണ്ണില്‍പൊടിയിടാനുള്ള എംഎല്‍എയുടെ ശ്രമം. ഈ വിവരം പുറത്തായതിന് പിന്നാലെയാണ് ജില്ലാകളക്ടകര് സ്ഥലം സന്ദര്‍ശിച്ചത്. പാര്‍ക്കില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവെന്ന് ബോധ്യപ്പെട്ട കളക്ടര്‍ അത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കൂ. ജലസംഭരണിയില്‍ ശേഖരിച്ച വെള്ളം ഉടന്‍ ഒഴുക്കി കളയണം, നിലവിലെ സാഹചര്യം വിശദീകരിച്ച് നാളെ കളക്ടര്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. പാര്‍ക്കില്‍ നേരത്തെ മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തില്‍ റവന്യൂവകുപ്പ് പി വി അന്‍വറിന്റെ പാര്‍ക്കിന് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്.