വിവിധ കേസുകളിലെ പ്രതിയുടെ മകന്റെ വിവാഹക്ഷണക്കത്ത് പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍
എടത്വാ (ആലപ്പുഴ): ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതിയായ വ്യക്തിയുടെ മകന്റെ വിവാഹക്ഷണക്കത്ത് പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍. ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരന് എന്ത് നീതി?
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപെട്ട് ബഹു.അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എടത്വാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ മകന്റെ ക്ഷണക്കത്താണ് എടത്വാ പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡിന് സമീപം തൂക്കി ഇട്ടിരിക്കുന്നത്.
തലവടി കുന്തിരിക്കല്‍ വാലയില്‍ വി.സി.ചാണ്ടി (ബേബികുട്ടി-56)ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 378,379 എന്നീ വകുപ്പുകള്‍ പ്രകാരം എടത്വാ പോലീസ് കേസ് (ക്രൈം നമ്പര്‍ 892/2018) രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് ബഹു.അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആഗസ്റ്റ് 9 ന് സമര്‍പ്പിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ നിയമ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ജാമ്യമില്ലാ വകുപ്പുകള്‍ ആണെങ്കിലും സമഗ്ര അന്വേഷണം ഉള്‍പ്പെടെ നടത്താതിരുന്ന സാഹചര്യത്തിലും പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതിലും തുടര്‍ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 3ന് നല്കിയ ഹര്‍ജിയിന്മേല്‍ കോടതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപെട്ടിരുന്നു.
കഴിഞ്ഞ 7 വര്‍ഷമായി നടത്തി വരുന്ന വസ്ത്ര സ്ഥാപനത്തില്‍ ജൂണ്‍ 23ന് വി.സി.ചാണ്ടി അതിക്രമിച്ചു കയറി സ്ഥാപന നടത്തിപ്പുകാരനെ ഗുരുതരമായി ഉപദ്രവിച്ചതിനാല്‍ വി.സി.ചാണ്ടിക്കെതിരെ എടത്വാ പോലീസ് മറ്റൊരു കേസ് (ക്രൈം നമ്പര്‍ -760/2018) ഇന്ത്യന്‍ ശിക്ഷാ നിയമം 323, 324, 294(b), 341, 427 എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രധാന വകുപ്പുകള്‍ ഒഴിവാക്കി എഫ്.ഐ.ആര്‍ കോടതിയില്‍ ജൂലൈ 3ന് സമര്‍പ്പിച്ചെങ്കിലും മറ്റ് യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല.
വി.സി.ചാണ്ടി ഗുണ്ടകളുടെ സഹായത്തോടെ സ്ഥാപനത്തിന്റെ താഴ് അറത്തു മാറ്റിയാണ് ഏകദേശം11 ലക്ഷം രൂപയുടെ വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും മോഷണം നടത്തിയത്. സംഭവങ്ങള്‍ പോലീസില്‍ യഥാസമയം അറിയിച്ചെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് അഡ്വ.ഉമ്മന്‍ എം മാത്യൂ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് വി.സി. ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ കോടതി ജൂലൈ 30ന് നിര്‍ദ്ദേശം നല്‍കിയത്.
സ്ഥാപനത്തിലെ ജീവനക്കാരി ജൂണ്‍ 27 ന് സ്റ്റേഷനില്‍ ഹാജരായി നേരിട്ട് നല്കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 354 A,509 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാന്‍ തെളിവുകള്‍ ഉണ്ടായിട്ടും എടത്വാ പോലീസ് രസീത് നല്കിയത് ഒഴികെ മറ്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ജീവനക്കാരി സംസ്ഥാന മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും വനിതാ കമ്മീഷനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉള്‍പെടെ റിപ്പോര്‍ട്ട് തേടിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിന്റെ ക്ഷണക്കത്താണ് എടത്വാ പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഈ വിവരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും സംസ്ഥാന ഡി.ജി.പിയെയും, ജില്ലാ പോലീസ് സൂപ്രണ്ടിനെയും ചെങ്ങന്നുര്‍ ഡി.വൈ.എസ്.പിയെയും ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള രേഖമൂലം അറിയിച്ചിട്ടുണ്ട്.



