കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി ; യുവാവ് അറസ്റ്റില്‍
നടന്‍ കുഞ്ചാക്കോ ബോബന്റെ നേര്‍ക്ക് വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം സ്വദേശിയായ യുവാവിനെയാണ് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചാം തിയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്‌സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്റെ സമീപത്തെത്തിയത്.
സമീപത്ത് എത്തിയ ഉടന്‍ ഇയാള്‍ ആദ്യം നടനുനേരേ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളില്‍ നിന്നും എറണാകുളം റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വധഭീഷണിയുടെ പിന്നിലെ കാര്യം വ്യക്തമായിട്ടില്ല എന്ന് പോലീസ് പറയുന്നു.