സംസ്ഥാനത്ത് വന്‍ എ ടി എം കൊള്ള ; കവര്‍ന്നത് 35 ലക്ഷം രൂപ

സംസ്ഥാനത്ത് തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി എടിഎമ്മുകളില്‍ നിന്നും കവര്‍ന്നത് 35 ലക്ഷത്തോളം രൂപ. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടര്‍ കുത്തി തുറന്നാണ് പത്ത് ലക്ഷം രൂപ കവര്‍ന്നത്. ദേശീയപാതയിലെ എടിഎമ്മാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊള്ളയടിച്ചത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് കൊരട്ടിയിലെ കവര്‍ച്ച അറിഞ്ഞത്. എടിഎം കൗണ്ടറിന്റെ ഭിത്തി തുരന്നാണ് പണം അപഹരിച്ചിരിക്കുന്നത്. പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം നടന്ന കോട്ടയത്തെ എടിഎം കവര്‍ച്ചയിലും ഉണ്ടായിരുന്നതായി ചാലക്കുടി ഡിവൈഎസ്പി പറഞ്ഞു.

എടിഎം കൗണ്ടറിന് സമീപത്തെ കെട്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കൗണ്ടറിന് പുറകില്‍ പുഴയായതിനാല്‍ അതുവഴിയാണോ പ്രതികള്‍ എത്തിയതെന്ന സംശയം നിലനില്‍ക്കുണ്ട്. അതേസമയം ഇരുമ്പനത്തെ എടിഎം കൗണ്ടറില്‍നിന്ന് കവര്‍ന്നത് 25 ലക്ഷം രൂപയാണ്. എസ്ബിഐ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

അതുപോലെ ഇരുമ്പനത്ത് കൂടാതെ കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്‍ച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.