ശബരിമല വിഗ്രഹത്തിൽ അവകാശമുണ്ട്: സ്ത്രീ പ്രവേശന വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകി തന്ത്രി കുടുംബം

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയുമായി തന്ത്രി കുടുംബം. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ലെന്നും ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളില്‍ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണെന്നും അവര്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വിഗ്രഹാരാധന ഹിന്ദുമതത്തില്‍ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഇരുവരും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇരുവരും പ്രത്യേകം പ്രത്യേകമായിട്ടാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എന്‍എസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു.