വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന് യുവാവിനെ സംഘം ചേര്‍ന്നു കുത്തിക്കൊന്നു
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ഫാത്തിമാനഗറിലാണ് സംഭവം. മൊയിന്‍ മെഹ്മൂദ് പഠാന്‍ എന്ന 35 കാരനാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എതിര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മെഹ്മൂദിനോട് വിരോധം ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ മെഹ്മൂദ് എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുപതോളം പേരടങ്ങുന്ന യുവാക്കളുടെ സംഘം മെഹ്മൂദിനെ വകവരുത്തുകയുമായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച മെഹ്മൂദിന്റെ മരുമകന്‍ ഇര്‍ഫാന്‍ ഷെയ്ക്ക് റഫീമിന് നേരെയും അക്രമമുണ്ടായി. ഇയാള്‍ക്ക് തലയ്ക്ക് ഉള്‍പ്പടെ സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മെഹ്മൂദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.