പിണറായി വിചാരിച്ചാല്‍ മാറുന്നതല്ല ശബരിമലയിലെ ആചാരങ്ങള്‍ : രമേശ്‌ ചെന്നിത്തല

സര്‍ക്കാര്‍ ശബരിമലയില്‍ വിശ്വാസികളുടെ ആശങ്കയും ഭയവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ പറ്റുന്ന ആചാരങ്ങള്‍ അല്ല ശബരിമലയിലേത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതമെന്നും വിശ്വസിക്കളോടുള്ള യുദ്ധ പ്രഖ്യാപനവുമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കോടതി വിധി വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ചെയ്തില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വലിയ ധൃതി കാണിച്ചു. മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണതിനു ശ്രമിക്കുന്നു. ആര്‍എസ്എസിനും ബിജെപിയ്ക്കും ഉള്ള ഗൂഢ അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി സഹായിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.

വിശ്വാസികള്‍ക്ക് മേലുള്ള കടന്നാക്രമണം മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേര്‍ന്നതല്ല. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്നത് പോലെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം. മുഖ്യമന്ത്രി മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ദേവസ്വം ബോര്‍ഡ് വരുതിയ്ക്ക് വരുന്നില്ല എന്നത് കണ്ടു കൊണ്ടാണ് അവര്‍ക്ക് എതിരെ തിരിഞ്ഞത്. രോഷം തന്ത്രിയുടെ മേല്‍ പ്രയോഗിക്കുന്നു. ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രി ആണെന്ന് സുപ്രീം കോടതി വരെ പറഞ്ഞു. ആചാരങ്ങളിലും പൂജാ കാര്യങ്ങളിലും തന്ത്രി ആണ് അവസാന വാക്ക് എന്നു ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞുട്ടിണ്ട്. മുണ്ടിന്റെ കൊന്തലയില്‍ താക്കോല്‍ കെട്ടി നടക്കേണ്ട ഉത്തരവാദിത്വം മാത്രം അല്ല തന്ത്രിയ്ക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി മനസിലാക്കണം.