നിങ്ങളുടെ ഉള്ളില്‍ ഒരു നിശബ്ദ ഘാതകന്‍ ഉണ്ടോ?

ദര്‍ശകന്‍

ഇരുപത്തൊന്നാം നൂററാണ്ട് ധ്യാനിക്കുന്നവരുടെ നൂററാണ്ട് എന്ന് അറിയപ്പെടും. കാരണം, നിശബ്ദ ഘാതകന്‍ എന്നറിയപ്പെടുന്ന ഉത്കണ്ഠ പ്രായഭേദമന്യേ സകലരേയും പിന്‍ന്തുടരുന്നു. ഭയം, ഉത്കണ്ഠ, ആകുലത എന്നിവ ഏറിയ അളവില്‍ എല്ലാ മനുഷ്യരിലും ഇന്നു കണ്ടുതുടങ്ങി. മനുഷ്യരുടെ ശാരീരിക, മനസിക, വൈകാരിക, പെരുമാറ്റരീതികളില്‍ ഉത്കണ്ഠ പിടിമുറുക്കിക്കഴിഞ്ഞു. ജോലി സ്ഥലത്തും വീട്ടിലുമെല്ലാം ഈ നിശബ്ദ ഘാതകന്‍ മനുഷ്യമനസുകളെ വേട്ടായാടിക്കൊണ്ടിരിക്കുന്നു.

മനസിനെ ശാന്തമാക്കാന്‍ വൈദ്യശാസ്ത്രത്തില്‍ ഔഷധവിധികളും, തെറാപ്പികളുമൊക്കെ ഇന്ന് ധാരാളം ഉണ്ട്. എന്നാല്‍ സ്വയം കണ്ടെത്താന്‍ കഴിയുന്ന ധ്യാനമാണ് ഏറ്റവും സ്രേഷ്ഠമായ ഔഷധം. മനസിനെ സ്വയം കണ്ടെത്തി വികസിപ്പിക്കാന്‍ പ്രാചീന കാലം തുടങ്ങി വിവേകമുള്ള മനുഷ്യര്‍ ധ്യാനത്തില്‍ ശ്രദ്ധ നല്‍കിയിരുന്നു.

ധ്യാനം അതിപ്രചീനകാലത്ത് ഭാരതത്തില്‍ ഉടലെടുത്ത ഒരു ആത്മീയ അഭ്യാസമായിരുന്നു. ആരംഭത്തില്‍ ഇന്ദ്രീയജന്യവികാരങ്ങളെ നിയന്ത്രിക്കാനും മനസ്സ് സൃഷ്ടിച്ച എല്ലാ ദ്വൈദഭാവങ്ങളും – വിഭജനങ്ങളും ഭിന്നതകളും അവസാനിക്കുന്നതിനാണ് പ്രാചീനര്‍ പ്രധാനമായും ധ്യാനിച്ചിരുന്നത്.

മനുഷ്യരില്‍ മനസ്സ് പിറവിയെടുക്കുന്നതിനു മുന്‍പ് മററു ജീവജാലങ്ങളെപ്പോലെ നാമും സദാ സന്തോഷും സമാധാനും അനുഭവിക്കുന്നവരായിരുന്നു. അത് നമ്മുടെ സ്വതസിദ്ധവും സ്വഭാവികവും നൈസര്‍ഗികവുമായ പ്രകൃതമായിരുന്നു.

എന്താണ് ധ്യാനം? ധ്യാനത്തിന് അനേകം നിര്‍വചനങ്ങള്‍ ഉണ്ട്. ധ്യാനം വീട്ടിലെയ്ക്കുളള വഴിയാണ്. ചിന്തയിലൂടെ അനേകം ഭയങ്ങളും ആശങ്കകളും ഭിന്നതകളും ബിംബങ്ങളും സദാ സമയവും മനസ്സ് സൃഷ്ടിക്കുന്നു. ഈ സൃഷ്ടികര്‍മ്മത്തെ പൂര്‍ണമായും നിര്‍ത്തി നമ്മുടെ സ്വഭാവിക അവസ്ഥ – മൂല പ്രകൃതത്തെ വീണ്ടെടുക്കാനുളള മടക്ക യാത്രയുടെ വഴിയാണ് ധ്യാനം. വാക്കുകള്‍ക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സൗഭാഗ്യകരമായ സൗന്ദര്യം അതാണ് ധ്യാനം. അതേസമയം ധ്യാനം ഒരിക്കലും ഏതെങ്കിലും മതഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ടുളള പ്രഭാഷണങ്ങളോ, പ്രബോധനങ്ങളോ അല്ല.

ശ്രീബുദ്ധന്‍ ശീലിക്കുകയും പഠപ്പിക്കകയും ചെയ്ത ധ്യാന രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സെന്‍ ധ്യാനം. ശ്രീ ബുദ്ധനു ശേഷം സെന്‍ ധ്യാനരീതി ചൈനയിലേക്കും അവിടെ നിന്നും ജപ്പാന്‍ തുടങ്ങിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഭാരതത്തില്‍ നിന്നു പോയ ഈ ധ്യാനം ഇന്ന് ഏറ്റവും കൂടുതല്‍ നിലനല്ക്കുന്നത് ചൈനയിലും ജപ്പാനിലുമാണ്.

ചാന്‍ എന്ന ചൈനീസ് പദത്തില്‍ നിന്നുമാണ് സെന്‍ എന്ന വാക്കിന്റെ ഉത്ഭവം. സെന്‍ എന്നാല്‍ ധ്യാനം എന്നാണ് അര്‍ത്ഥം. അഞ്ചാം നൂറ്റാണ്ടിലാണ് ഈ ധ്യാന രീതി സെന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ഈ നിമിഷത്തില്‍ ഇവിടെ മാത്രമായിരിക്കുക എന്നതാണ് സെന്നിന്റെ അടിസ്ഥാന തത്വം. നമ്മള്‍ പ്രവര്‍ത്തന നിരതമാകുന്നത് ഈ നമിഷത്തില്‍ മാത്രമാണ്. സമയവും കാലവും വെറും മിഥ്യയാണ്. മനുഷ്യരില്‍ ഭൂരിപക്ഷം പേരും അവരുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ഭാവി-ഭൂതകാലത്തിലാണ്. ഭാവിയെക്കുറിച്ചുളള ആശങ്ക, അല്ലെങ്കില്‍ ഭൂതകാലത്തെക്കുറിച്ചുളള വേദനിപ്പിക്കുന്ന അനുഭവങ്ങള്‍, ദേഷ്യം, കോപം തുടങ്ങിയ ചിന്തകള്‍ മനുഷ്യനെ തുടര്‍ച്ചയായി പിന്തുടരുന്നു.

പ്രഭാതം മുതല്‍ പ്രദോഷം വരെ നമ്മുടെ നിമിഷാനുനിമിഷമുളള എല്ലാ ചെയ്തികളും ചിന്തകളും ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതിനുളള, ചിന്തിക്കുന്നതിനുളള പരീശീലനമാണ് സെന്‍ ധ്യാനരീതിയിലൂടെ ഒരാള്‍ പഠിക്കുക. ഇതിന് ഒരുവന്‍ അവന്റെ മനസ്സിനേയും ശരീരത്തേയും (ഇന്ദ്രിയങ്ങളേയും) സദാ ശ്രദ്ധാപൂര്‍വ്വം സന്നദ്ധമാക്കുന്നു.

ഏറ്റവും ലളിതമായ ഈ ധ്യാനരീതി എങ്ങിനെയാണ് അഭ്യസിക്കുക? പ്രധാനമായും നാലു തലങ്ങളിലാണു നാം നമ്മുടെ ശ്രദ്ധ പതിപ്പിക്കുക:
1. ശ്വാസനിശ്വാസങ്ങളുടെ ഗതിയെ നിരീക്ഷിക്കുക.
2. ശാരീക അനുഭൂതികളെ തത്സമയം അറിയുക;
3. മനസ്സിലെ ചിന്തകളെയും അവ ഉളവാക്കുന്ന വികാരവിചാരങ്ങളെയും ബോധപൂര്‍വം അറിയുക;
4. നമുക്കു ചുറ്റും നടക്കുന്ന എല്ലാററിലും തികഞ്ഞ അവബോധം ഉളളവരായിരിക്കുക. ഈ ധ്യാനനില തുടരുബോള്‍ സാവധനം മനസ്സ് ശാന്തമാകാന്‍ തുടങ്ങുകയും വര്‍ത്തമാന കാലത്തില്‍ പൂര്‍ണമായും മനസ്സ് കേന്ദ്രീകരിക്കാനും നമുക്ക് കഴിയും. ഭാവി, ഭൂതകാല ചിന്തകള്‍ മനസ്സില്‍ നിന്നും വിട്ടുമാറും. ചിന്തകളില്‍ വ്യക്തത, സഹാനുഭൂതി, കരുണ, ധര്‍മ്മം എന്നിവയെല്ലാം ഹൃദയത്തില്‍ തളിരിടും. മനുഷ്യര്‍ എക്കാലവും അന്വേഷിച്ചുകൊണ്ടിരുന്ന സന്തോഷവും സമാധാനവും മനസ്സില്‍ ഇടതടവില്ലാതെ നിലനില്ക്കും.

ശാശ്വതമായ സന്തോഷവും സമാധാനവും ബാഹ്യമായ ഒന്നില്‍ നിന്നും ലഭിക്കുന്നതല്ല. സംശുദ്ധമായ ആന്തരിക മൗനത്തിലൂടെ മാത്രമേ നമുക്ക് യഥാര്‍ഥ സന്തോഷവും ശാന്തിയും കൈവരു. അനുദിന ജീവിതത്തിലെ ഉത്കണ്ഠകളെയും ആശങ്കകളെയും അകറ്റി ആയാസരഹിതവും ലളിതവുമിയ ജീവിതം ആഗ്രഹിക്കുന്ന ഏവര്‍ക്കും അനുയോജ്യമായ ധ്യാന രീതിയാണ് സെന്‍ നല്‍കുന്നത്.