ശബരിമലയിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകള്‍

ശബരിമലയില്‍ നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് ‍. ശബരിമല കര്‍മ സമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍ ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നു. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും എന്നാല്‍ പ്രകോപനപരമായ നിലപാടുകള്‍ കൈകൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ സമിതി. ശബരിമലയില്‍ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം രണ്ടാമത്തെ തവണയാണ് ശബരിമല നട തുറക്കാന്‍ പോവുന്നത്.

കഴിഞ്ഞ തവണ മാസപൂജയ്ക്കായി അഞ്ച് ദിവസം നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതും വന്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു.