മല ചവിട്ടാന്‍ തയ്യറായി തൃപ്തി ദേശായി ; ശനിയാഴ്ച ശബരിമലയിലെത്തും ; സുരക്ഷ വേണമെന്ന് ആവശ്യം

മല ചവിട്ടാന്‍ തയ്യറായി വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി രംഗത്ത്. ആറ് വനിതകള്‍ക്കൊപ്പം മണ്ഡലകാലത്ത് തങ്ങള്‍ ശബരിമലയിലെത്തുമെന്ന് തൃപ്തി അറിയിച്ചു . തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി.

താന്‍ മാസം 17-നാണ് ശബരിമലയിലെത്തുമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി അറിയിച്ചു. യുവതി പ്രവേശനം അനുവദിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. മണ്ഡലകാലം തുടങ്ങാനിരിക്കെ സമവായ ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി പ്രധാനമന്ത്രിയെ കൂടി സമീപിച്ച സാഹചര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകുമോ എന്നതും പ്രധാനമാണ്.

മല ചവിട്ടാതെ തിരിച്ച് പോകില്ലെന്ന തൃപ്തി ദേശായിയുടെ നിലപാടും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും. സുപ്രീംകോടതി വിധിക്ക് ശേഷം നേരത്തെ നിരവധി യുവതികള്‍ മലചവിട്ടാന്‍ എത്തിയിരുന്നെങ്കിലും ഭക്തരുടെ കനത്തെ പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവരും പിന്‍മാറിയിരുന്നു.