തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ; 28 പേര്‍ മരിച്ചു
തമിഴ്‌നാട്ടിലെ തീരദേശങ്ങളില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി. തീരദേശ ജില്ല കൂടിയായ നാഗപട്ടണത്ത് കനത്തമഴയേത്തുടര്‍ന്ന് വെള്ളം കയറി വന്‍തോതില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. 200ലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
നാഗപട്ടണത്തിനും വേദാരണ്യത്തിനും മധ്യേ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കനത്ത മഴയോടുകൂടി ഗജ തീരം തൊട്ടത്. 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.
471 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,948 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നാഗപട്ടണത്തിന് പുറമേ കടലൂര്‍, രാമനാഥപുരം, തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും വേളാങ്കണ്ണി പള്ളിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. മോണിങ്‌സ്റ്റാര്‍ പള്ളിക്ക് മുന്‍പില്‍ കല്ലില്‍ നിര്‍മിച്ച ക്രിസ്തുരൂപത്തിനും പള്ളിയുടെ മേല്‍ക്കൂരയ്ക്കും കാര്യമായ കേടുപാടുകള്‍ വന്നിട്ടുണ്ട്.