ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയത് സര്‍ക്കാര്‍ : അല്‍ഫോന്‍സ് കണ്ണന്താനം

സംസ്ഥാനസര്‍ക്കാര്‍ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സ്റ്റാലിന്റെ ഭരണകാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സന്നിധാനത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നത് നിയമലംഘനമാകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല.

അയ്യപ്പഭക്തര്‍ തീവ്രവാദികളല്ല. പൊലീസ് എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് പരിശോധിക്കണം. ഭക്തര്‍ നാമജപം നടത്തിയതിനാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ജനാധിപത്യത്തില്‍ നടക്കാന്‍ പാടുള്ളതല്ല.

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.