ഹനുമാനെ സാന്റാക്ലോസ് ആക്കി ; ഗുജറാത്തില്‍ വീണ്ടും വിവാദം
ഹനുമാന്റെ പേരില്‍ ഉണ്ടായ തര്‍ക്കവും വിവാദവും തീരുന്നില്ല. ഹനുമാന്‍ മുസ്ലീമാണ്, ദളിതനാണ് എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെ ഹനുമാനെ സാന്റാക്ലോസ് ആക്കി മാറ്റിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു അമ്പലത്തില്‍.
കഴിഞ്ഞ ഞായറാഴ്ച ഗുജറാത്ത് സാരംഗ്പൂരിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ കണ്ടത് മറ്റൊരു വേഷത്തിലുള്ള ഹനുമാനെയാണ്. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി സാന്റാ ക്ലോസ് ധരിക്കുന്ന പോലെ ചുവപ്പും വെള്ളയും കലര്‍ന്ന വേഷം ധരിച്ചിരിക്കുന്ന ഹനുമാന്‍ വിഗ്രഹത്തെയാണ് അവര്‍ കണ്ടത്.
അമേരിക്കയില്‍ നിന്നുള്ള ഹനുമാന്‍ ഭക്തര്‍ അയച്ച് തന്ന വേഷമാണ് ചില ഭക്തര്‍ ഹനുമാനെ ധരിപ്പിച്ചത്. എന്നാല്‍, പുതിയ വേഷം ചില ഭക്തന്മാര്‍ക്ക് ഇഷ്ടമായില്ല. ഇവര്‍ പ്രതിഷേധിച്ചതോടെ അവരെ തണുപ്പിക്കാന്‍ മുഖ്യ പുരോഹിതന്‍ തന്നെ രംഗത്തെത്തി.
വെല്‍വെറ്റ് കൊണ്ട് തുന്നിയ ഈ വേഷം ഭഗവാനെ തണുപ്പില്‍ നിന്ന് രക്ഷിക്കുമെന്നും ആരുടെയും വികാരം വ്രണപ്പെടുത്താനല്ല ഇങ്ങനെ ചെയ്തതെന്നും മുഖ്യ പുരോഹിതനായ സാഗര്‍ മഹാരാജ് പറഞ്ഞു. എന്നാല്‍, പ്രതിഷേധം തുടര്‍ന്നതോടെ അവസാനം വിഗ്രഹത്തിലെ സാന്റാ കുപ്പായം അഴിച്ച് മാറ്റി.