അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ ഹോം നഴ്സ് കുത്തിക്കൊന്നു ; സംഭവം കൊച്ചിയില്‍
എറണാകുളം പാലാരിവട്ടത്താണ് സംഭവം. വയോധികയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്‌സ് കുത്തിക്കൊല്ലുകയായിരുന്നു. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ ഹോം നഴ്‌സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് നല്‍കിയിരിക്കുന്ന മൊഴി. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്‌സായി ജോലി നോക്കി വരികയായിരുന്നു.
കുത്തേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് തോബിയാസ് മരിച്ചത്. തോബിയാസിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്. കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പലതവണ കഞ്ചാവ് കേസില്‍ പെട്ടിട്ടുള്ളയാളാണ് കൊല്ലപ്പെട്ട തോബിയാസെന്നാണ് പോലീസ് പറയുന്നു. അവിവാഹിതനായ ഇയാള്‍ പലപ്പോഴും അമ്മയെയും ലോറന്‍സിനെയും ആക്രമിക്കാറുണ്ടെന്നും പോലീസ് പറയുന്നു.