1991വരെ ശബരിമലയിൽ സ്ത്രീകൾ പോയിരുന്നു, ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് ബോധപൂര്‍വം- മുഖ്യമന്ത്രി

1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജഡ്ജി ബോധപൂര്‍വ്വമാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതാണ് സുപ്രീംകോടതി തിരുത്തിയത്. സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവര്‍ നാട്ടിലുണ്ട്. അവരാണ് സ്ത്രീ പ്രവേശന വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്.

സമൂഹത്തില്‍ യാഥാസ്ഥിതകമായ നിലപാട് വര്‍ധിച്ച് വരുന്നു. അതിനെതിരെ ശക്തമായ നീക്കം നടത്തണം. നവോത്ഥാന കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ സമൂഹം ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്.

ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണ്. ഫ്യൂഡല്‍ മേധാവിത്വ ശക്തികള്‍ക്ക് ഇവിടെ പ്രശ്നമുണ്ടാക്കാന്‍ കഴിയുന്നു. വിശ്വാസികള്‍ മഹാഭൂരിപക്ഷമാണ്. കേരളത്തില്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടി സിപിഎമ്മാണ്. അതില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവിടെ എന്റെ വിശ്വാസം മാത്രമേ പാടുള്ളു എന്നാണ് ചിലര്‍ പറയുന്നത്. ആ നയത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1991ല്‍ ജഡ്ജി ബോധപൂര്‍വ്വമാണ് ഉത്തരവ് പുറത്തിറക്കിയത്. അതിന് ശേഷമാണ് ഈ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞില്ലേ’, മുഖ്യമന്ത്രി ചോദിച്ചു.