വൈദ്യലോകത്തിനെ പോലും ഞെട്ടിച്ചുകൊണ്ട് കാലില്‍ കിഡ്‌നിയുമായി പത്ത് വയസ്സുകാരന്‍

വൈദ്യലോകത്തിനെ പോലും അത്ഭുതപ്പെടുത്തി കാലിന്റെ തുടയില്‍ കിഡ്‌നി വികസിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായി പത്ത് വയസ്സുകാരന്‍. മാഞ്ചസ്റ്ററില്‍ നിന്നുള്ള മം കേ-റോബിന്‍സണ്‍ ദമ്പതികളുടെ മകനായ ഹാമിഷ് ആണ് അപൂര്‍വ്വ ജനിതക തകരാറുമായി ജീവിക്കുന്നത്.

7p22.1 ക്രോമസോമിന്റെ അഭാവം കൊണ്ടാണ് ഹാമിഷിന് ഈ പ്രശ്‌നം ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. ലോകത്ത് ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളെന്നതിനാല്‍ ഹാമിഷ് സിന്‍ഡ്രം എന്നാണ് ഈ രോഗത്തിന് ഡോക്ടര്‍മാര്‍ പേരിട്ടിരിക്കുന്നത്.

തുടയ്ക്കും ഇടുപ്പിനും ഇടയിലാണ് ഹാമിഷിന്റെ ഒരു കിഡ്‌നി സ്ഥിതി ചെയ്യുന്നത്. സ്ഥാനം മാറിയെങ്കിലും കിഡ്‌നി പ്രവര്‍ത്തിക്കുന്നതില്‍ തകരാറുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ കിഡ്‌നി സ്ഥാനം മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടെന്നാണ് നിലവില്‍ ഡോക്ടര്‍മാരുടെ തീരുമാനം. 2008 മെയ് 29നായിരുന്നു ഹാമിഷ് ജനിച്ചത്.

മാസം തികയാതെ പ്രസവിച്ചതിനാല്‍ തൂക്കക്കുറവും ആരോഗ്യപ്രശ്‌നങ്ങളും ജന്മനാ ഹാമിഷിന് ഉണ്ടായിരുന്നു. ഹാമിഷ് വളരും ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാമിഷിന്റെ കിഡ്‌നി അസാധാരണമാം വിധത്തില്‍ കാലിലാണ് വികസിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്.

ജനിച്ച് പത്ത് വര്‍ഷത്തിനിടെ ഹാമിഷിന് ആസ്ത്മ, കേള്‍വി പ്രശ്‌നങ്ങള്‍, കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നെങ്കിലും ഹാമിഷിന്റെ കിഡ്‌നിക്ക് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല. ഇതുവരെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മൂത്രത്തില്‍ അണുബാധ പോലെയുള്ള പ്രശ്‌നങ്ങള്‍ തുടര്‍ന്നുണ്ടായാല്‍ അത് ഹാമിഷിന്റെ കിഡ്‌നിയെ വളരെ മോശം രീതിയില്‍ ബാധിക്കുമെന്ന് ഹാമിഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.