ടിക്ക് ടോക്ക് ചെയ്യാന്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ യുവാക്കളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

ടിക്ക് ടോക്ക് ഭ്രാന്ത് കാരണം ജീവന്‍ പണയംവച്ച യുവാക്കള്‍ക്ക് മത്സ്യതൊഴിലാളികള്‍ രക്ഷകരായി. ടിക്ക് ടോക്കില്‍ വൈറല്‍ ആകാന്‍ കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് യുവാക്കളെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം.

പാലത്തിന്റെ കൈവരികളില്‍ കയറിനിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്ക്കെത്തുകയായിരുന്നു.

നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു യുവാക്കളുടെ സാഹസം.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് യുവാക്കള്‍ ചാടിയത്. പരപ്പനങ്ങാടി ചാലിയം തീരദേശ പാതയിലാണ് പാലം.