കുമ്മനമെത്തുന്നു ; അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കും
ബിജെപി ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയാകും. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി ശശി തരൂര്‍ തന്നെ എത്തുമ്പോള്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ഇടത് മുന്നണിയുടെ മുന്‍ മന്ത്രി സി ദിവാകരന് അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു. എന്‍ഡിഎ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കുന്നതോടെ അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കുമെന്നുറപ്പാണ്.
ഭരണഘടനാ പദവിയില്‍ നിന്നും മടങ്ങിയെത്തി മത്സരിക്കുകയെന്ന അപൂര്‍വതയുള്ളതിനാല്‍ തന്നെ കുമ്മനം രാജശേഖരന് മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം ദേശീയ തലത്തില്‍ തന്ന ശ്രദ്ധേയാകര്‍ഷിക്കുകയാണ്.ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തുന്ന കുമ്മനം രാജശേഖരന്റെ പ്രഥമദൗത്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കലായിരിക്കും. ആര്‍എസ്എസിന്റെയും ബിജെപിയില്‍ ഒരു വിഭാഗത്തിന്റെയും ശക്തമായ ഇടപെടലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് കുമ്മനത്തിന് വഴിയൊരുക്കിയത്.
കുമ്മനത്തിന്റെ വരവില്‍ അനിശ്ചിതത്വം നിലനിന്നിരുന്നത് കൊണ്ട് തന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയ്ക്കും താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് കടുംപിടുത്തത്തിന്റെ കൂടി സാഹചര്യത്തില്‍ കുമ്മനത്തിന്റെ മടങ്ങി വരവ്. ഇതോടെ സ്ഥാനാര്‍ത്ഥിയാരാകണമെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞു.
കുമ്മനം മടങ്ങിവരേണ്ടതില്ലെന്ന മുന്‍ നിലപാട് ശ്രീധരന് പിള്ള മാറ്റിയതും വളരെ പെട്ടെന്നാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ അതിനെ അന്തംവിട്ട് സ്വാഗതം ചെയ്തെന്ന് മാത്രമല്ല സംഘടനാതലത്തില്‍ അടക്കം എന്തെങ്കിലും മറ്റം ആവശ്യമെങ്കില്‍ എല്ലാതരത്തിലും കുമ്മനത്തെ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് പിഎസ് ശ്രീധരന് പിള്ള പറയുകയും ചെയ്തു. സ്ഥാനമാനങ്ങളല്ല പാര്‍ട്ടിക്ക് വേണ്ടിയുള്ള സമര്‍പ്പണത്തിലാണ് കാര്യമെന്നാണ് ശ്രീധരന് പിള്ളയുടെ വാക്കുകള്‍.
കുമ്മനത്തിന്റെ വരവോടെ പോരാട്ടം കടുക്കുമെങ്കിലും അന്തിമ വിജയം തനിക്കുണ്ടാകുമെന്നായിരുന്നു ഇതേപ്പറ്റി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പ്രതികരണം. 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ടാമതെത്തിയ ചരിത്രമുണ്ട് ബിജെപിക്ക് . ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇത്തവണ വോട്ട് കൂട്ടുമെന്നാണ് ബിജെപി യുടെ കണക്കു കൂട്ടല്‍.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎന്‍ സീമയെ പിന്തള്ളി വട്ടിയൂര്‍ക്കാവില്‍ രണ്ടാമനായ കുമ്മനത്തിന് മണ്ഡലത്തില്‍ ഉള്ളത് രാഷ്ടീയാതീതമായ ബന്ധങ്ങളാണെന്നതും നിര്‍ണായകമാണ്. തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിന് ശശി തരൂരും, പേയ്മെന്റ് വിവാദത്തിന്റെ കറകളഞ്ഞ് മണ്ഡലം പിടിക്കാന്‍ സി ദിവാകരനിലൂടെ സിപിഐയും ശ്രമിക്കുമ്പോള്‍ തിരുവനന്തുരത്ത് പോരാട്ടം പ്രവചനാതീതമാകും.