ജീവനുവേണ്ടി മല്ലടിച്ച് തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ ; മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദി(35)നെതിരെയാണ് കേസെടുത്തത്. ഇയാള്‍ കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവുമാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അരുണ്‍ ആനന്ദിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. ഇളയകുട്ടിയുടെ മൊഴി അനുസരിച്ച് അരുണിനെതിരെ കേസ് എടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അരുണിനെതിരെ വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വിശദമായി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുക. തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടിയെന്നും അലമാരയ്ക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത സമയത്ത് അരുണ്‍ മദ്യപിച്ച നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു.

അതേസമയം ഏഴുവയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഇന്നലെ പുലര്‍ച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകള്‍.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിനോട് വിശദാംശങ്ങള്‍ ചോദിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിര്‍ദേശിച്ചതു പോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല. അപ്പോഴും അരുണ്‍ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തുടര്‍ന്നാണ് പൊലീസ് ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുക്കുന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മയോടൊപ്പം അമ്മയെ ഇരുത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അവര്‍ സംഭവം തുറന്ന് പറയാന്‍ തയ്യാറായത്.