ആര്‍എസ്എസ്സിന്റെ മുസ്ലിം മഞ്ച് യൂണിറ്റ് പിളര്‍ന്നു , നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

INDIA/

ആര്‍ എസ് എസ് ന്യൂനപക്ഷ വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) നാഗ്പൂരിലെ സിറ്റി വിഭാഗം പിളര്‍ന്നു. പാര്‍ട്ടി വിട്ട നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിറ്റി യൂണിറ്റ് അധ്യക്ഷന്‍ റിയാസ് ഖാന്‍ ഖഞ്ച്, യൂണിറ്റ് കണ്‍വീനര്‍ സുശീല സിന്‍ഹ, സംസ്ഥാന കണ്‍വീനര്‍ ഇഖ്റ ഖാന്‍ എന്നിവരടക്കമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പത്തോളിന് പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്.

ചിറ്റമ്മ നയമാണ് ബി.ജെ.പി മുസ്ലീം രാഷ്ട്രീയ മഞ്ചിനോട് കാണിക്കുന്നതെന്ന് സംഘടനവിട്ടവര്‍ കുറ്റപ്പെടുത്തി. ഞാനും മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തകരുമടക്കം അയ്യായിരത്തോളം പേര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തെന്ന് റിയാസ് ഖാന്‍ പറഞ്ഞു. പത്തോളിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘടന വിട്ടവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.