ശബരിമലയും ഉള്‍പ്പെടുത്തി ബിജെപി പ്രകടന പത്രിക
ശബരിമലയും ഉള്‍പ്പെടുത്തി 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക . ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാര്‍ത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറയുന്നു.
കേരളത്തില്‍ ബിജെപിയുടെ പ്രധാനപ്രചാരണ വിഷയമാണ് ശബരിമല. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷമുണ്ടായ പ്രക്ഷോഭങ്ങള്‍ സജീവചര്‍ച്ചാ വിഷയമാക്കിത്തന്നെയാണ് ബിജെപി സംസ്ഥാനത്ത് വോട്ട് തേടുന്നതും. ഇതിലൂടെ ലോക്സഭയില്‍ കേരളത്തില്‍ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ടു പോകുന്നത്.
എന്നാല്‍ ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിലൂടെ സുപ്രീംകോടതിയിലെ നടപടികളനുസരിച്ച് തന്നെയാണ് മുന്നോട്ടുപോകുക എന്ന സൂചനയാണ് ബിജെപി നല്‍കുന്നത്. ശബരിമല പ്രചാരണ വിഷയം ആക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ഉണ്ട്.