മോദി സൈനികരുടെ പേരില്‍ വോട്ടഭ്യർത്ഥന നടത്തിയത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. പുല്‍വാമയില്‍ മരിച്ച ജവാന്‍മാര്‍ക്കായി വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരില്‍ പ്രസംഗിച്ചത്.
പതിനെട്ട് വയസ് തികഞ്ഞ വോട്ടര്‍മാര്‍ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുന്‍നിര്‍ത്തി വോട്ട് ചെയ്യാന്‍ തയ്യാറുണ്ടോ എന്നും മോദി ലാത്തൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ചോദിച്ചിരുന്നു.
പ്രതിരോധ സേനയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പലതവണ വ്യക്തമാക്കിയതാണ്. മോദിയുടെ ലാത്തൂര്‍ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. നേരത്തേ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെ ‘മോദിയുടെ സേന’ എന്ന് വിശേഷിപ്പിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തില്‍ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ തുടര്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസംഗത്തില്‍ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയത്.
സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.