ശ്രീലങ്കൻ സ്‌ഫോടനം ; ചാവേറുകളില്‍ ഒരു സ്ത്രീയും
ശ്രീലങ്കയെ നടുക്കിയ സ്ഫോടനത്തില്‍ ചാവേറായവരില്‍ ഒരു സ്ത്രീയും. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഹോട്ടലുകളിലും പള്ളികളിലുമായുണ്ടായ സ്ഫോടനങ്ങളില്‍ ഒമ്പത് പേരാണ് ചാവേറുകളായത്.
അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. അടിയന്തര സാഹചര്യം ഒഴിവായിട്ടില്ലെന്നും 500 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സ്ഫോടനത്തിന്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു.
സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കയില്‍ പ്രദേശിക തലത്തില്‍ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആഗോള ഭീകരസംഘടനയായ ഐഎസ്ഐഎസിന്റെ സഹായം ലഭിക്കുന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളില്‍പ്പെടുന്നതാണ് നാഷണല്‍ തൗഹീദ് ജമാ അത്ത് (എസ്എല്‍ടിജെ) എന്നാണ് റിപ്പോര്‍ട്ടുകള്‍.