മോദിയുടെ അനൗദ്യോഗിക വിമാന യാത്രകൾ : വ്യോമസേനയുടെ കണക്കുകളിൽ വൻ പൊരുത്തക്കേട്
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ഏറെ പഴി കേട്ടത് വിദേശ യാത്രകളുടെ പേരിലാണ് . വന്‍ തുകയാണ് യാത്ര ചിലവില്‍ ഖജനാവിന് നഷ്ടമായത് . അതുപോലെ ഇപ്പോഴിതാ അനൗദ്യോഗിക വിമാന യാത്രകളുടെ പേരിലും വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് മോദി.
2019 ജനുവരി വരെ നരേന്ദ്രമോദി നടത്തിയത് 240 അനൗദ്യോഗിക വിമാന യാത്രകളെന്ന് രേഖകള്‍. യാത്രക്കൂലി ഇനത്തില്‍ ബിജെപി 1.4 കോടി രൂപ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് നല്‍കിയെന്നും വിവരാവകാശ രേഖ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ എയര്‍ഫോഴ്‌സ് വ്യക്തമാക്കി.
എന്നാല്‍, മറുപടിയില്‍ അവ്യക്തത തുടരുകയാണ്. ഏത് തരത്തിലുള്ള വിമാനമാണ് ഉപയോഗിച്ചതെന്നും എത്ര മണിക്കൂര്‍ യാത്ര ചെയ്തുവെന്നും വ്യക്തമാക്കുന്നില്ല. യാത്ര ചെയ്ത സ്ഥലവും ചാര്‍ജും മാത്രമാണ് മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
2019 ജനുവരി 19ന് നടത്തിയ ബാലന്‍ഗിര്‍-പതര്‍ചേറ യാത്രക്ക് 744 രൂപ മാത്രമാണ് ഈടാക്കിയിരിക്കുന്നത്. 2017 ഏപ്രില്‍ 27ന് നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് വെറും 845 രൂപയും ഈടാക്കിയതായി പറയുന്നു. സാധാരണയായി ചണ്ഡിഗഢ്-ഷിംല കൊമേഴ്‌സ്യല്‍ ടിക്കറ്റിന് 2500-5000 രൂപയാണ് ഈടാക്കുന്നത്. എന്ത് മാനദണ്ഡത്തിലാണ് നിരക്കുകള്‍ കണക്കുകൂട്ടിയതെന്നും വ്യക്തമല്ല.
പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്ക് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് പണം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കണമെന്നാണ് ചട്ടം. 2018 മാര്‍ച്ചിലാണ് നിരക്കുകള്‍ പുതുക്കിയത്. കൊമേഴ്‌സ്യല്‍ ടിക്കറ്റ് വില മാനദണ്ഡമാക്കിയാണ് നിരക്കുകള്‍ പുതുക്കിയത്. പ്രധാനമന്ത്രിക്ക് മാത്രമാണ് അനൗദ്യോഗിക യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അധികാരം. അതും അടിയന്തര ഘട്ടങ്ങളില്‍ മാത്രമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.
ബിബിജെ(ബോയിങ് ബിസിനസ് ജെറ്റ്), എം1-17 (വിവിഐപി ഹെലികോപ്ടര്‍) വിമാനങ്ങള്‍ മാത്രമാണ് മോദി അനൗദ്യോഗിക യാത്രക്ക് ഉപയോഗിച്ചതെന്ന് ഐഎഎഫ് വ്യക്തമാക്കുന്നു. 2018ലെ പുതുക്കിയ നിരക്കനുസരിച്ച് ബിബിജെ വിമാനത്തിന് മണിക്കൂറിന് 14.7 ലക്ഷവും എം1-17 ഹെലികോപ്ടറിന് 4.3 ലക്ഷവുമാണ് നിരക്ക്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കായിരുന്നു യാത്രകളിലേറെയും.