കുരിശിന്റെ വഴി പുസ്തകം അനധികൃതമായി അച്ചടിച്ചു; മനോരമ നിയമകുരുക്കില്‍

കോട്ടയം: സിഎംഐ സഭയുടെ കോട്ടയം പ്രോവിഷന്‍ഷ്യല്‍ ഹൗസിനും മാന്നാനം പ്രസിനും കോപ്പിറൈറ്റ് ഉള്ള, ആബേലച്ചന്‍ രചിച്ച ‘കുരിശിന്റെ വഴി’ അനധികൃതമായി അച്ചടിച്ചു വിതരണം ചെയ്തതിനെതിരേ കേസ്. അകംപുറം പേജുകളില്‍ മലയാള മനോരമയുടെ പരസ്യം ചേര്‍ത്താണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്.

രചയിതാവായ ആബേലച്ചന്റെ പേരോ അച്ചടിച്ച പ്രസിന്റെ പേരോ ഉള്‍പ്പെടുത്താതെ നിയമവിരുദ്ധമായി മനോരമ പ്രോഡക്ടിന്റെ പരസ്യം മാത്രം ചേര്‍ത്താണ് വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി പുസ്തകം അച്ചടിച്ചു പലയിടത്തും വിതരണം ചെയ്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മനോരമ പ്രോഡക്ടുകളുടെ പരസ്യത്തിനു പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം അനധികൃതമായി അച്ചടിച്ചതെന്നാണ് ആക്ഷേപം.

സിഎംഐ കോട്ടയം പ്രോവിന്‍സ് ഇതു സംബന്ധിച്ചു കോട്ടയം പോലീസ് ചീഫിനു പരാതി നല്‍കിയെന്നാണ് സൂചന.