കള്ളവോട്ട് നടന്നു ; കോടിയേരിക്ക് മീണയുടെ മറുപടി

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി ടിക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്. തനിക്കെതിരായ രാഷ്ട്രീയപരാമര്‍ശം വേദനിപ്പിച്ചെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കള്ളവോട്ട് താന്‍ ഒറ്റയ്ക്ക് കണ്ടെത്തിയതല്ല, വസ്തുതകള്‍ പരിശോധിച്ച് മാത്രമാണ് തീരുമാനങ്ങള്‍ എടുത്തത്. പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാര്‍ശ ചെയ്യാന്‍ മാത്രമേ തനിക്കാകൂ. അത് താന്‍ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതരകുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇനി പന്ത് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്റെ കോര്‍ട്ടിലാണെന്നും മീണ വ്യക്തമാക്കി.

നേരത്തെ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കള്ളവോട്ട് നടന്നെന്ന യുഡിഎഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കെടുക്കുകയാണെന്നും പക്ഷപാതപരമായി നടപടിയെടുക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. മുന്‍പേ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള തീരുമാനമാണ് മീണ സ്വീകരിച്ചതെന്നും കോടിയേരി ആരോപിച്ചു.

കള്ളവോട്ടില്‍ ആരോപണവിധേയരായവരുടെ വിശദീകരണം തേടുകയോ, നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഇതിനെതിരെ സിപിഎം നിയമനടപടികളിലേക്ക് നീങ്ങുമെന്നും കോടിയേരി വ്യക്തമാക്കി.