രാജീവ് ഗാന്ധിക്ക് എതിരെ ആരോപണം ; മോദിയ്ക്ക് വീണ്ടും ക്ലീൻ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജീവ് ഗാന്ധിക്ക് എതിരെയുള്ള അഴിമതി ആരോപണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദിക്കെതിരായി കോണ്‍ഗ്രസ് നല്‍കിയ പരാതി കമ്മീഷന്‍ തള്ളി. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു, കോണ്‍ഗ്രസിന്റെ നിയമ നടപടി. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദിയ്ക്ക് ഒമ്പതാം തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ പരാതികളിലായി ക്ലീന്‍ ചിറ്റ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ബലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും വോട്ടെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിയ്ക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
അതേസമയം എട്ടാമത്തെ പരാതിയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ കമ്മീഷണര്‍ അശോക് ലവാസ എതിര്‍ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീണ്ടും കമ്മീഷന്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തില്‍ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു. ക്ലീന്‍ ചിറ്റ് നല്കാനുള്ള തീരുമാനത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ അശോക് ലവാസയെ തള്ളിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരം ഉത്തരവ് തയ്യാറാക്കിയതെന്ന വിവരവും പുറത്തു വന്നു.