സര്‍ക്കാരിന്റെ പിടിവാശി ; തൃശൂർ പൂരത്തിന് ആനകളെ വിട്ട് നൽകില്ല എന്ന് ആന ഉടമകളുടെ സംഘടന

സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉത്സവഘോഷങ്ങളിലും പൊതുപരിപാടികളിലും ആനകളെ വിട്ടുനല്കില്ലെന്നു കേരള എലെഫന്റ്റ് ഓണേഴ്സ് ഫെഡറേഷന്‍. മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ട് നല്‍കേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. ഇതോടെ തൃശൂര്‍ പൂരം പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പായി.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും എന്ന സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഫെഡറേഷന്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്.

വനം വകുപ്പ് മന്ത്രിയുടെ പരാമര്‍ശതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടന ആരോപിക്കുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ ആണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ തകര്‍ക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമമാണ് എന്നും അവര്‍ ആരോപിക്കുന്നു.

ഉടമകൾ ആനക്കള പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി.

ഉത്സവം നാടിന്‍റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞു.

വനംവകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു.