കള്ളവോട്ട് : മെയ് 19-ന് മൂന്നു ബൂത്തുകളിൽ റീപോളിംഗ്

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്. ഇതോടെ മൊത്തം ഏഴു ബൂത്തുകളില്‍ റീ പോളിംഗ് നടക്കും.

നേരത്തെ നാലു ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക്, കണ്ണൂര്‍ തളിപ്പറമ്പ ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലാണ് ഇതോടൊപ്പം റീ പോളിംഗ് നടത്തുന്നത്. മെയ് 19 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.

ധര്‍മ്മടത്തെ 52, 53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്. ഇന്നലെ തൃക്കരിപ്പൂരില്‍ റീംപോളിംഗ് നടത്തുന്നത് സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും റീംപോളിംഗ് നടത്തുന്ന ബൂത്തുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ തൃക്കരിപ്പൂര്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.

എന്നാല്‍ ഇന്ന് പുറത്തുവന്ന പട്ടികയില്‍ ധര്‍മ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു ബൂത്തും ഉള്‍പ്പെടുകയായിരുന്നു. തൃക്കരിപ്പൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ശ്യാംകുമാറാണ് കള്ളവോട്ടു ചെയ്തത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.