മോദി വീണ്ടും ഭരണത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ; കേരളത്തില്‍ യുഡിഎഫ് തരംഗം

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ് എക്സ്, സീ വോട്ടര്‍ സര്‍വേകളാണ് വീണ്ടും മോദി ഭരണമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ യുഡിഎഫ് 16 സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്നു. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് വരെ നേടാനുള്ള സാധ്യതയും ഇന്ത്യ ടുഡേ പ്രവചിക്കുന്നുണ്ട്.

അഭിപ്രായ സര്‍വേകള്‍ പോലെയല്ല, എക്‌സിറ്റ് പോള്‍ എന്നത്, യഥാര്‍ത്ഥത്തില്‍ ഒരു വോട്ടര്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നതാണ് പരിശോധിക്കുന്നത്. വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്‌തേക്കാം എന്നതല്ല, ആര്‍ക്ക് വോട്ട് ചെയ്തു എന്നതാണ് എക്‌സിറ്റ് പോളുകളിലുള്ളത്. അഭിപ്രായസര്‍വേകളേക്കാള്‍, അവസാനനിമിഷത്തിലെ ചലനങ്ങളടക്കം ഒപ്പിയെടുക്കുന്ന എക്‌സിറ്റ് പോളുകള്‍ക്ക് കൃത്യത കൂടുതലാണ്.

കൃത്യമായ ഫലമോ കണക്കോ എക്‌സിറ്റ് പോളുകളില്‍ ശരിയാകണമെന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ ട്രെന്‍ഡ് നിശ്ചയിക്കാനും പിന്നീടുള്ള രാഷ്ട്രീയനീക്കങ്ങള്‍ നിശ്ചയിക്കാനും എക്‌സിറ്റ് പോളുകള്‍ നിര്‍ണായകമാണ്.

സാധാരണ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റിന്റെ ശതമാനത്തെക്കുറിച്ച് പറയാറുണ്ട്. 5 ശതമാനം വരെ തെറ്റ് വന്നേക്കുമെന്ന മുന്നറിയിപ്പോടെയാണ് പലപ്പോഴും എക്‌സിറ്റ് പോളുകള്‍ പുറത്തു വിടാറ്. പക്ഷേ, 2009-ലെയും 2004-ലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലതും തെറ്റിപ്പോയിരുന്നു.