കൊച്ചി മെട്രോയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് കാറിന് മുകളില്‍ വീണു ; സിനിമാ താരം അര്‍ച്ചന കവി രക്ഷപ്പെട്ടു

കൊച്ചി മെട്രോയുടെ ക്രോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു. നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിന് മുകളിലാണ് പാളി അടർന്ന് വീണത്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. അര്‍ച്ചനയ്‌ക്കൊപ്പം പിതാവ് ജോസ് കവിയും കാറില്‍ ഉണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

ഒല ക്യാബില്‍ യാത്ര ചെയ്യവെയാണ് കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. കാറിന്റെ വിന്‍ഡോ തകര്‍ന്ന് പാളികള്‍ മുന്നിലെ സീറ്റില്‍ പതിച്ചു. അര്‍ച്ചന കവിയും പിതാവും പിന്നിലെ സീറ്റില്‍ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ഇക്കാര്യം നടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. കോണ്‍ക്രീറ്റ് പാളി വീണ് കാറിന്റെ ചില്ല് തകര്‍ന്ന ചിത്രങ്ങള്‍ അപര്‍ണ തന്നെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പോലീസും ഇടപെടണമെന്നും അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അര്‍ച്ചന പറയുന്നു. ഇതിനു മുൻപും ഇത്തരത്തിൽ പാളി അടർന്നു വീണു യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു.