വരുന്നു യൂറോപ്പിലേക്ക് അത്യുഷ്ണവും സഹാറന്‍ മണല്‍ക്കാറ്റും…

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍: കലണ്ടര്‍ പ്രകാരം വെള്ളി ജൂണ്‍ 21ന് യൂറോപ്പില്‍ വേനല്‍ക്കാലത്തിന് തുടക്കം കുറിക്കും. ഈ വര്‍ഷം യൂറോപ്പ് കാത്തിരിക്കുന്നത് കടുത്ത വേനലും അത്യുഷ്ണവുമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. കൂട്ടത്തില്‍ വരും നാളുകളില്‍ ആഫ്രിക്കയില്‍ നിന്ന് എത്തുന്ന സഹാറന്‍ മണല്‍ക്കാറ്റ് പൊതുജനത്തിന് വിനയാകും.

ചുവന്ന നിറമുള്ള ഈ സഹാറന്‍ പൊടി വാഹനങ്ങളില്‍ വീണ് കാഴ്ചയ്ക്ക് തടസ്സമാകുകയും അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന ഈ മണല്‍ക്കാറ്റ് മുന്‍ വര്‍ഷങ്ങളിലും ഇവിടെ ഉണ്ടായിട്ടുണ്ട്. യൂറോപ്പില്‍ ഇന്ന് താപനില 36 മുതല്‍ 40 സെല്‍ഷ്യസ് ഗ്രേഡ് വരെ ഉയരും. എന്നാല്‍ ചിലയിടങ്ങളില്‍ മഴ ഉണ്ടാകും. താപനില 25 സെല്‍ഷ്യസ് ഗ്രേഡ് വരെയാണ്. അടുത്ത ആഴ്ച താപനില 30 സെല്‍ഷ്യസിന് മുകളില്‍ തന്നെ.

യൂറോപ്പില്‍ ഈ പ്രാവശ്യം കനത്ത ചൂടായിരിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളും ഇതിനകം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ മുതിര്‍ന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍ കരുതല്‍ എടുക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി വന്നു കഴിഞ്ഞു.