തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലില്‍ നിന്നും രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടി

തിരുവനന്തപുരത്ത് വനിതാ ജയിലില്‍ രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടി. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ,ശില്‍പ്പ എന്നിവരെയാണ് അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും കാണാതായത്. വര്‍ക്കല സ്വദേശിനിയായ സന്ധ്യ മോഷണക്കേസിലെ പ്രതിയും പാങ്ങോട് സ്വദേശിനി ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്.

വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിട്ടുണ്ട്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്.