സോഷ്യല്‍ മീഡിയ വഴി കുപ്രചരണം ; പാമ്പു പിടുത്തം മതിയാക്കാന്‍ തയ്യാറായി വാവ സുരേഷ്
പാമ്പുകളെ പിടിച്ചു വാര്‍ത്തകളില്‍ താരമായ വാവ സുരേഷ് ആ പണി നിര്ത്തുന്നു എന്ന് റിപ്പോര്‍ട്ട്. പാമ്പുകളെ പേടിച്ചിട്ടല്ല അതിനേക്കാള്‍ കൂടിയ ഇനം വിഷമുള്ള ആളുകള്‍ കാരണമാണ് വാവ പാമ്പു പിടിത്തം ഉപേക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്.
ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നതുമെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണ്.
ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. ആദ്യം തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്ന് വാവ പറഞ്ഞു. ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ കരുതിക്കൂട്ടിയുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതെന്ന് വാവ സുരേഷ് പറയുന്നു.