കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. പശ്ചിമബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, മലപ്പുറം, പത്തനംതിട്ട,കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലിമീറ്ററിലേറെ മഴ പെയ്യാനുള്ള സാധ്യതയുള്ളപ്പോള്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മേല്‍പ്പറഞ്ഞ അഞ്ച് ജില്ലകളിലും അതിനുള്ള സാഹചര്യമുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ ഇടുക്കി ജില്ലയിലെ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം.
കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.