ലോകക്കപ്പ് ഫൈനല്‍ വിവാദം ; ഓവര്‍ ത്രോ നിയമങ്ങള്‍ പൊളിച്ചു പണിയാന്‍ എംസിസി

ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ ഓവര്‍ ത്രോയുമായി വിവാദങ്ങള്‍ക്കിടെ നിലവിലുള്ള നിയമം പുനപരിശോധിക്കാനൊരുങ്ങി എം സി സി . ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് ആണ് ഇപ്പോഴുള്ള ഓവറ് ത്രോ നിയമങ്ങള്‍ പരിഷ്‌കരിക്കണോ എന്ന് ആലോചിക്കുന്നത്.

ഫൈനല്‍ മത്സരത്തിലെ ഓവര്‍ ത്രോ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ത്രോ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നിരുന്നു. ഇതില്‍ ആറു റണ്‍സാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. ഓടിയെടുത്ത രണ്ടു റണ്‍സിനൊപ്പം ഓവര്‍ ത്രോയിലൂടെയുള്ള നാലു റണ്‍സും ചേര്‍ത്താണ് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് നാലു റണ്‍സ് അനുവദിച്ചത്.

അതേ സമയം, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാല്‍ നല്‍കേണ്ടത് അഞ്ച് റണ്‍സായിരുന്നുവെന്നും ഒരു റണ്‍ ഇംഗ്ലണ്ടിനു ലഭിച്ചത് അമ്പയര്‍മാരുടെ അശ്രദ്ധ കൊണ്ടാണെന്നുമുള്ള കണ്ടെത്തല്‍ കാര്യങ്ങള്‍ വഷളാക്കി. മത്സരം സമനിലയായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറും സമനില ആയതോടെ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു.