ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെട്ട സംഭവം ; ബിജെപി എംഎല്‍എയ്ക്ക് എതിരെ കൊലക്കുറ്റം

വിവാദമായ ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും കാറപകടത്തില്‍ പെട്ട സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. എംഎല്‍എയ്ക്ക് പുറമേ സഹോദരന്‍ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാഹനാപകട കേസ് സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തേ ലഖ്‌നൗ ഡിഐജി വ്യക്തമാക്കിയിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലെത്തി, പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. കേസ് ഉടന്‍ സിബിഐ ഏറ്റെടുത്തേക്കും. ഉന്നാവോയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതിനോട് അനുബന്ധകേസായിത്തന്നെ വാഹനാപകടക്കേസും അന്വേഷിക്കുമെന്നാണ് വിവരം.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം, പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂര്‍ പിന്നിട്ടാലേ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്നലെ വൈകിട്ടോടെ റായ്ബറേലിയില്‍ നടന്ന കാറപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.

ഒറ്റനോട്ടത്തില്‍ അപകടമാണന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. പക്ഷേ കേസില്‍ ദുരൂഹതയുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്കിലെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചിരുന്നു. ഇതെന്തുകൊണ്ട് എന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന് വ്യക്തത വന്നിട്ടില്ല. രണ്ട്, പെണ്‍കുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബം തന്നെ കാറില്‍ സ്ഥലമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെ വരേണ്ടെന്നും പറയുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം പത്ത് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചെന്ന് ലഖ്‌നൗ ഡിഐജി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവര്‍ത്തിക്കുന്നു. പല തവണ എംഎല്‍എയുടെ കൂട്ടാളികള്‍ കോടതിയില്‍ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ പക്കല്‍ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എംഎല്‍എ നിയന്ത്രിക്കുന്നത് ഫോണ്‍ വഴിയാണെന്നും പെണ്‍കുട്ടിയുടെ സഹോദരി ആരോപിക്കുന്നു.

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് സിബിഐയുടെ കണ്ടത്തല്‍. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്.

ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് കുല്‍ദീപ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സെംഗാറും കൂട്ടാളികളും പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായ മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദ്ദനം നേരിട്ട് കണ്ട, സാക്ഷിയായ ഒരാളും ദൂരൂഹമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ മുഴുവനായും ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമത്തിലാണ്.