കാശ്മീര്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യറായി വീണ്ടും ട്രംപ് ; ചര്‍ച്ച പാക്കിസ്ഥാനോട് മാത്രം എന്ന് ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പാക്കിസ്ഥാനോട് മാത്രമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മാത്രം മതിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയെ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.

കശ്മീര്‍ വിഷയം പരിഹരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനുമാണെന്നും പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നുമാണു ട്രംപ് പറഞ്ഞത്. എങ്ങനെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന മറുപടിയില്‍ ട്രംപ് പ്രസ്താവന ഒതുക്കി.

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച അത്യന്താപേക്ഷിതമാണെങ്കില്‍ അത് പാക്കിസ്ഥാനുമായി മാത്രമായിരിക്കുമെന്നും അത് ഉഭയകക്ഷി ചര്‍ച്ച ആയിരിക്കുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്വിറ്ററില്‍ വ്യക്തമാക്കി. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് അമേരിക്കയെ ഇന്ത്യ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.